+91 496 2690391
dsanandi@gmail.com
Nandi
Koyilandi, Kerala

2019-02-28
നിങ്ങൾ സൂഫി സംഗീതം കേട്ടിട്ടുണ്ടോ, ആ പേരിൽ പ്രചരിക്കാറുള്ളവ യഥാർത്ഥ സൂഫി സംഗീതമാണോ?

മായം ചേരാത്ത ഒന്നും ഒരിടത്തും ലഭ്യമല്ലാത്ത കാലത്ത് സൂഫിയുടെ പ്രണയത്തിലും മായം കലർന്നോ എന്ന സന്ദേഹത്തിന് തന്നെ അല്പം അപ്രസക്തിയുണ്ട്. എങ്കിലും ഇതൊരു വിചാരണക്കുള്ള ഒരുക്കമാണ്. വിശ്വാസ സമൂഹം ഏറ്റവും മഹനീയമായി കരുതുന്ന ഒരു സങ്കൽപ്പമാണല്ലോ സൂഫി സങ്കൽപ്പം. അതുകൊണ്ടുതന്നെ അവയോട് ചേർത്തുവായിക്കപെടുന്നവയെ വിശകലനം ചെയ്യാനും വിചാരണ ചെയ്യാനും വിശ്വാസികളായ നമുക്ക് അവകാശമുണ്ട് അതിലേറെ ബാധ്യതയും. മതത്തിൻറെ മാനങ്ങളും തത്വങ്ങളും ജീവിതത്തിൻറെ സകല അടക്കാനക്കങ്ങളിലും ആവിഷ്കരിക്കപ്പെടുമ്പോഴാണ് സൂഫി ഉണ്ടാവുന്നത്. സൂഫി ഉണ്ടായിട്ടാണല്ലോ സൂഫിയുടെ സംഗീതം ഉണ്ടാകുന്നത്?. ആകയാൽ അസ്ഥിത്വമുള്ളവനിൽ അലിയുമ്പോഴും, സാകല്യം അവനാണെന്ന് തിരിച്ചറിയുമ്പോഴുമാണ് എല്ലാം മറന്നവർ നൃത്തമാടുന്നതും പ്രണയ ശീലുകൾ ഏഴുതു വിടുന്നതും. അനശ്വര പ്രണയത്തിന്റെ തീരങ്ങളിൽ നിലം ഉറപ്പിച്ചതിനാൽ സകല ഋതുഭേദങ്ങളിലും അവരുടെ ഹൃദയ വസന്തത്തിന് സ്ഥിരം ഒരവസ്ഥയാണ്. ചാഞ്ചല്യമോ കലർപ്പോ കലരാത്ത മാറ്റുള്ള വിശ്വാസത്തിൻറെ അകമ്പടി ഉള്ളതുകൊണ്ടാണ് അവർ ഹൃദയങ്ങൾക്ക് വെളിച്ചമേകിയതും നന്മയുടെ തീരങ്ങളിലേക്ക് മാറി സഞ്ചരിക്കാനുള്ള പ്രേരണ പകർന്നതും. അവരുടെ സംഗീതത്തിൽ എല്ലാമുണ്ട് ആത്മീയതയുടെ അനുഭൂതികൾ, ഭൗതികതയുടെ വിരക്തികൾ, പ്രതീക്ഷയുടെ ആകാശങ്ങൾ, നെടുവീർപ്പിന്റെ ആഴങ്ങൾ, ആശയുടെ പ്രഭാതങ്ങൾ, തിങ്ങിവിങ്ങുന്ന വിഷാദങ്ങൾ, വരണ്ടുണങ്ങിയ സ്വപ്നങ്ങൾ, ദിക്കറിയാതെ കിനാക്കൾ, നിസ്സഹായതയുടെ പ്രത്യയശാസ്ത്രങ്ങൾ, ഒന്നുമില്ലായ്മയുടെ തിരിച്ചറിവുകൾ, അങ്ങനെ തുടങ്ങി അനുരാഗികൾ അനുഭവിക്കുന്ന സകലതും ഉണ്ടതിൽ. കേവലം സ്വപ്ന വചനങ്ങളോ ഭാവാത്മക കാല്പനികതകളോ അല്ല അവയുടെ ഇതിവൃത്തം. കാല്പനികതയെ വെല്ലുന്ന അനുഭവ യാഥാർത്ഥ്യങ്ങളാണ്, സുജൂദിൽ കിടന്നും ഒറ്റയ്ക്കിരുന്നും നേടിയെടുത്ത അനുഭവ യാഥാർത്ഥ്യങ്ങൾ. വാക്കുകൾ പോലെ അവരുടെ മിണ്ടാട്ടങ്ങളും സംഗീതാത്മകമാണ്. കാതുകൾക്ക് ഇമ്പം പകരലായിരുന്നില്ല അവരുടെ ലക്ഷ്യം അതുണ്ടായിരുന്നെങ്കിൽ കൂടി. മറിച്ച് റബ്ബിലേക്കുള്ള വഴി പറയലായിരുന്നു. അങ്ങിനെയാണ് അവരുടെ വചനങ്ങളിൽ നിന്നും മൗനങ്ങളിൽ നിന്നും മറ്റുള്ളവർ വെളിച്ചം നുകർന്നതും, സാമീപ്യത്തിനായി മറ്റുള്ളവർ കൊതിച്ചതും, പരസ്പരം തിടുക്കം കാട്ടിയത് പുതിയ യൂട്യൂബ് സംഗീതങ്ങളുടെ കാലത്ത് സൂഫി സംഗീതം എന്നപേരിൽ പ്രചരിക്കുന്നവയുടെ സംഗീതമെന്ന മാനത്തെ മാത്രമേ നമുക്ക് അംഗീകരിക്കാനാവു. അതിലപ്പുറം സൂഫി പരിവേഷം നൽകുന്നത് അസ്ഥാനത്താണ്, അനീതിയുമാണ്. അവ മിണ്ടുന്നതും പറയുന്നതും കാതുകളോട് മാത്രമാണ് അതുകൊണ്ടായിരിക്കണം ശ്രവണ സുഖത്തിനപ്പുറം മറ്റൊന്നും പകരാൻ അവക്ക് സാധിക്കാത്തതും അനിസ്ലാമികമായ ഇക്കാര്യങ്ങളെ ചേർത്ത് പിടിക്കേണ്ടി വരുന്നതും.

Notifications

Related News and Events

EDU Village
നിങ്ങൾ സൂഫി സംഗീതം കേട്ടിട്ടുണ്ടോ, ആ പേരിൽ പ്രചരിക്കാറുള്ളവ യഥാർത്ഥ സൂഫി സംഗീതമാണോ?